2013 മാർച്ച് 3, ഞായറാഴ്‌ച

കൊച്ചേട്ടന്‍

              കൊച്ചേട്ടന്‍ ഇന്ന് ഈ നാടിനോട് വിട വാങ്ങി. വാര്‍ദ്ധക്യത്തില്‍ ആര്‍ക്കുമൊരു ബാധ്യതയാകാന്‍ കാത്തുനില്‍ക്കാതെ, ആരെയും വെറുപ്പിക്കാതെ, മുഷിപ്പിക്കാതെ ഒരു യാത്ര! അതൊരു ഒളിചോട്ടമല്ല, മറിച്ച് വഴിമാറലാണ്. ജീവിതം മുഴുവന്‍ ഇഴഞ്ഞു നീങ്ങാനും ഒറ്റയ്ക്ക് തള്ളിനീക്കാനും വിധിക്കപ്പെട്ട നിസ്സഹായന്‍.........,.... ആ വീടും മണ്ണും ഒരു സ്മാരകമായി അവശേഷിപ്പിച്ചു കൊണ്ട്, അല്‍പ്പം പോലും മുന്കരുതലുകളില്ലാത്ത ഒരു യാത്ര...

               കോരിച്ചൊരിയുന്ന മഴയോടും, പാഞ്ഞെത്തുന്ന കാറ്റിനോടും ഒപ്പം കൊച്ചേട്ടന്റെ ഓര്‍മകളും മാഞ്ഞുപോയേക്കാം. നെടുങ്ങപ്രയും കൊച്ചേട്ടനെ മറന്നേക്കാം, എരിഞ്ഞു ഒടുങ്ങിയ മണ്ണും ഓര്‍ത്തെന്നു വരില്ല. എന്നാല്‍ ബാക്കിയായ ആ വയസന്‍ വടിയും ഓട്ട കാലന്‍ കുടയും അദ്ധേഹത്തെ എന്നും ഓര്‍ക്കില്ലേ! വളഞ്ഞൊടിഞ്ഞ ആ ശരീരം മന്ദം മന്ദം നടന്നകലുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുള്ള ഞങ്ങള്‍ കുട്ടികളുടെ മനസിലും ഒരപ്പൂപ്പന്‍താടി കഥയിലെയെന്നപോലെ, ഒരു പക്ഷെ അദ്ദേഹം അവശേഷിചേക്കാം...!

2013 മാർച്ച് 2, ശനിയാഴ്‌ച

അത് മരം, ഇത് മനുഷ്യന്‍!..!

            മരം ഒരു വരമോ? "അതേ, വിറ്റാല്‍ കുറെ കാശു കിട്ടും!" അതിനാലാണോ പഴമക്കാര്‍ അത് പറഞ്ഞത്? ആകാന്‍ വഴിയില്ല! മുറ്റത്തും തൊടിയിലും ഉണ്ടായിരുന്ന മൂന്നു നാലു മരങ്ങള്‍ ഇന്ന് നിലംപതിച്ചു. മോട്ടോര്‍ ഘടിപ്പിച്ച അറക്കവാളും പുതിയ TECHNOLOGY യുമെല്ലാം കശാപ്പുകാരന്റെ ജോലി എളുപ്പമാക്കി. ഏറെ നാള്‍ തണലും സുഖവും തന്നവര്‍ നിസ്സഹായരായി വീഴുന്നത് കണ്ടിട്ടും ഒരു കനത്ത നിശ്വാസം പോലും ഉപചാരമായില്ല!

             മരങ്ങളുടെ കാര്യം ഇങ്ങനെ, മനുഷ്യന്റെതോ? മരമെന്നോ മനുഷ്യനെന്നോ നോട്ടമില്ലാതെ പണത്തിനായി മനസാക്ഷിയെ പോലും വില്‍ക്കുന്നവര്‍!!!!......,....! മനുഷ്യകുലത്തിന്റെ സംസ്കാരം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു? സംസ്കാര സമ്പന്നരെന്നു സ്വയം അഭിമാനിക്കുന്നവരുടെ സംസ്കാര ശൂന്യത കാണണമെങ്കില്‍ വെളിച്ചം മങ്ങണം.

സുഖലോലുപതകളോ അതോ സ്നേഹബന്ധങ്ങളോ? 
പണമോ അതോ സ്നേഹിതന്റെ നിണമോ?
വിവേചന ബുദ്ധി കൈമോശം വന്ന മനുഷ്യന്‍ കുഴങ്ങുന്നു....
നന്മ എന്ന ആയുധം നഷ്ടമായെങ്കിലും, തിന്മയെ കയ്യിലെടുക്കാതിരിക്കട്ടെ!
നല്ല നാളെകള്‍ വിദൂരമാകാതിരിക്കട്ടെ!
ജീവിതം പുതിയ അര്‍ത്ഥതലങ്ങളിലേക്ക് വഴിമാറട്ടെ!