2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

മുകിലിന്‍റെ വികാരം

മുകിലേ പറയൂ നിന്‍ അന്തരംഗങ്ങളില്‍
തുടിക്കുന്ന വികാരം പ്രണയമാണോ?
നിര്‍വൃതി പൂണ്ടു നീ അന്ത്യയാമങ്ങളില്‍
ഭൂവിനെ പുല്‍കുന്നതായ് കണ്ടിരുന്നു.
പ്രദോഷമാകവേ പര്‍വ്വതസാനുവില്‍
സ്പഷ്ടമായ് സ്പര്‍ശിച്ചിരുന്നുവല്ലോ.
ഹരിതയാം ഭൂവിനെ മൃദുലമാം മേനിയാല്‍
നന്നായ്‌ പുതപ്പിച്ചിരുന്നുവല്ലോ.

രാവുണര്‍ന്നപ്പോള്‍ ‌നിന്‍ പ്രേയസി തന്നൊരു
തമസ്സിന്‍റെ ശയ്യയില്‍ ഞാനുറങ്ങി.
ഘോരമാം നിന്‍ ഗര്‍ജ്ജനം കേട്ടുഞാനെന്‍
ഗാഢമാം നിദ്രയില്‍ നിന്നുണര്‍ന്നുപോയി.
അര്‍ക്കനെ വെല്ലുന്ന, അത്പായുസ്സിയാം
മിന്നല്‍ കണ്ടങ്ങു ഞാന്‍ ഭയന്നുപോയി.
മുകിലേ നീ ചൊല്ലുവിന്‍ നിനക്കെന്തുപറ്റി
നിന്‍ വികാരം പ്രണയമോ അതോ ശൗര്യമോ?

പുലരിയില്‍ കാണുമ്പോള്‍ നിന്‍പ്രിയയാമിനി
തണ്ണീരില്‍ മുങ്ങിക്കുതിര്‍ന്നിരുന്നു
പറയാതകന്നൊരു മുകിലേ നീ ചൊല്ലുക
അതു നിന്‍റെ കണ്ണുനീരായിരുന്നുവോ?
തിരികേ നീ വരുമെന്ന നിനവോടോ ഇവള്‍
നിന്‍ ഉപഹാരം പുണര്‍ന്നുകൊണ്ടേയിരിക്കുന്നു?
മാരിവില്‍ കാണുമ്പോള്‍ ഞാനിന്നറിയുന്നു
മുകിലേ നിന്‍ വികാരം പ്രണയമായിരുന്നു.

2010 ഒക്‌ടോബർ 23, ശനിയാഴ്‌ച

IT WAS THE DAY, CROSS BECAME THE SYMBOL OF GLORY



   പരിഹാസത്തിന്റെയും അപമാനത്തിന്റെയും പ്രതീകമായിരുന്ന കുരിശ്
   മഹത്വത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെട്ട കാല്‍വരിയിലെ ആ സായാഹ്നം.
    പേനയും പേപ്പറും മാറ്റുരച്ചപ്പോള്‍ അവശേഷിച്ചത് ഈ  താഴ്വര മാത്രം.
     
            

2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു ഓര്‍മ്മപ്പെടുത്തല്‍...

മരിച്ചുകൊണ്ടിരിക്കുന്ന നിരവധി നദികള്‍ക്ക് സാക്ഷികളാണ് നാം. മനുഷ്യരാല്‍ നശിപ്പിക്കപ്പെട്ടവയും അനവധി. പലതും ഇന്നൊരു ഓര്‍മമാത്രം. നദികളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ഈ 'കുരുത്തക്കേട്' ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ...


ഈ മണലാരണ്യം നീ കാണുന്നുവോ മനുഷ്യാ,
ഇന്നലെകളില്‍ ഇതുപോലായിരുന്നില്ല.
ഇവിടെ ജീവന്റെ നാമ്പുകള്‍ തുടിച്ചിരുന്നു,
ജീവിത താളുകള്‍ മറിഞ്ഞിരുന്നു.

നിന്‍റെ സംസ്കാരം ഇവിടെനിന്നായിരുന്നു,
നിന്‍റെ വിഹാരങ്ങളും ഇവിടങ്ങളിലായിരുന്നു.
എങ്കിലും മനുഷ്യാ നീ മറന്നുവല്ലോ,
എന്നോ പിന്നിട്ട നിന്‍കാലടികള്‍.

അന്നീ നിലം വരണ്ടാതല്ലായിരുന്നു,
അന്നിവിടം ചുട്ടുപഴുത്തിരുന്നില്ല.
അല്ലയോ മനുഷ്യാ, നിനക്കോര്‍മയില്ലേ?
പെറ്റമ്മയെ മറക്കും കഠിനഹൃദയനല്ലോ നീ!

ഇന്നിവിടെ ഭൂതന്‍ ഹരിതഭംഗിയില്ല,
ജീവന്റെ സ്പന്ദനങ്ങളൊന്നുമില്ല.
തിരിച്ചറിയുന്നില്ലയോ നീ മര്‍ത്യാ,
നിന്നാല്‍ നശിച്ചൊരീ നിത്യസൗന്ദര്യത്തെ?

ഹേ മനുഷ്യാ, ഇതൊരു പുഴയായിരുന്നില്ലേ?
ഇന്നലെകളില്‍ നിന്‍റെ ദാഹം തീര്‍ത്ത,
നീ നീരാടിത്തുടിച്ച, നിന്‍റെ നാടിന്‍റെ നീരൊഴുക്ക്!
അതേ, അന്നിതൊരു പുഴയായിരുന്നു.

ലജ്ജ തോന്നുവാന്‍ അര്‍ഹനല്ല നീ,
ലജ്ജിച്ചിരുന്നാലതും പരിഹാരമല്ല.
ഉണരൂ, കര്‍മ്മനിരതനാകൂ, സംരക്ഷിക്കൂ,
നീര് വറ്റാത്തവ ഇനിയുമുണ്ടല്ലോ...

2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

തേങ്ങല്‍...

കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പ്രസിദ്ധമായ നാടാണല്ലോ കേരളം. കടക്കെണിയില്‍പ്പെട്ടു ആത്മഹത്യക്ക് നിര്‍ബന്ധിതനാകുന്ന ഒരു കര്‍ഷകന്റെ അവസ്ഥയെ കുളത്തിലകപ്പെട്ട ഒരു നായയുടെ നിസ്സഹായതയോട് ഉപമിക്കുന്ന ഈ 'കുരുത്തക്കേട്' ഒന്ന് വായിച്ചു നോക്കൂ...


ഒരു വട്ടം കൂടിയേ തേങ്ങിനോക്കുന്നിതാ
തടത്തില്‍ വീണൊരാ നാട്ടുനായ
എന്തുണ്ട് രക്ഷക്കെന്നുനോക്കീടുന്ന
കണ്ണില്‍ ദയനീയ ഭാവമുണ്ട്

ആരറിയുന്നോരാ തേങ്ങലിന്‍ നൊമ്പരം
ആരറിയുന്നുവാ വെമ്പലിന്‍ ഭാവവും
വഴികാണാന്‍ കൊതിക്കുന്ന ചിത്തത്തിനാശയും
ആര്‍ക്കറിവാകുന്നു ഭീതിതന്‍ വേളയില്‍

ഇരുട്ടിന്‍റെ ഓളങ്ങള്‍ തട്ടുന്ന കണ്ണിന്‍
ഭാവത്തിന്‍ മാറ്റമുണ്ടാകുവാന്‍
ഒരു മാത്രപോലുമേ കാണുവാനായില്ല
ഒരു വാണിപോലുമേ കേള്‍ക്കുവാനായില്ല

ഇല്ലൊരു മാര്‍ഗവും തന്നുടെ പ്രാണനാ-
യെന്നു തിരിഞ്ഞൊരാ നാട്ടുനായ
കൂട്ടിയടച്ചതിന്‍ കണ്ണുകള്‍,നാസിക
കാതിരമ്പുന്നൊരു തേങ്ങലോടെ

ഈശ്വനെ പുല്‍കുന്നൊരന്ത്യമാം വേളയില്‍
വിറയേരും അധരങ്ങള്‍ മാത്രമായി
ഒരുവട്ടം കൂടിയേ തേങ്ങിനോക്കുന്നിതാ
തടത്തില്‍ വീണൊരാ നാട്ടുനായ...