2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു ഓര്‍മ്മപ്പെടുത്തല്‍...

മരിച്ചുകൊണ്ടിരിക്കുന്ന നിരവധി നദികള്‍ക്ക് സാക്ഷികളാണ് നാം. മനുഷ്യരാല്‍ നശിപ്പിക്കപ്പെട്ടവയും അനവധി. പലതും ഇന്നൊരു ഓര്‍മമാത്രം. നദികളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ഈ 'കുരുത്തക്കേട്' ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ...


ഈ മണലാരണ്യം നീ കാണുന്നുവോ മനുഷ്യാ,
ഇന്നലെകളില്‍ ഇതുപോലായിരുന്നില്ല.
ഇവിടെ ജീവന്റെ നാമ്പുകള്‍ തുടിച്ചിരുന്നു,
ജീവിത താളുകള്‍ മറിഞ്ഞിരുന്നു.

നിന്‍റെ സംസ്കാരം ഇവിടെനിന്നായിരുന്നു,
നിന്‍റെ വിഹാരങ്ങളും ഇവിടങ്ങളിലായിരുന്നു.
എങ്കിലും മനുഷ്യാ നീ മറന്നുവല്ലോ,
എന്നോ പിന്നിട്ട നിന്‍കാലടികള്‍.

അന്നീ നിലം വരണ്ടാതല്ലായിരുന്നു,
അന്നിവിടം ചുട്ടുപഴുത്തിരുന്നില്ല.
അല്ലയോ മനുഷ്യാ, നിനക്കോര്‍മയില്ലേ?
പെറ്റമ്മയെ മറക്കും കഠിനഹൃദയനല്ലോ നീ!

ഇന്നിവിടെ ഭൂതന്‍ ഹരിതഭംഗിയില്ല,
ജീവന്റെ സ്പന്ദനങ്ങളൊന്നുമില്ല.
തിരിച്ചറിയുന്നില്ലയോ നീ മര്‍ത്യാ,
നിന്നാല്‍ നശിച്ചൊരീ നിത്യസൗന്ദര്യത്തെ?

ഹേ മനുഷ്യാ, ഇതൊരു പുഴയായിരുന്നില്ലേ?
ഇന്നലെകളില്‍ നിന്‍റെ ദാഹം തീര്‍ത്ത,
നീ നീരാടിത്തുടിച്ച, നിന്‍റെ നാടിന്‍റെ നീരൊഴുക്ക്!
അതേ, അന്നിതൊരു പുഴയായിരുന്നു.

ലജ്ജ തോന്നുവാന്‍ അര്‍ഹനല്ല നീ,
ലജ്ജിച്ചിരുന്നാലതും പരിഹാരമല്ല.
ഉണരൂ, കര്‍മ്മനിരതനാകൂ, സംരക്ഷിക്കൂ,
നീര് വറ്റാത്തവ ഇനിയുമുണ്ടല്ലോ...

1 അഭിപ്രായം:

  1. സാമൂഹിക പ്രാധാന്യം ഉള്ള വിഷയങ്ങളിലേക്ക് അന്ജലൂ ഇറങ്ങി ചെല്ലുന്നതില്‍ സന്തോഷം ഉണ്ട്... മനുഷ്യന് പ്രകൃതി സ്രോതസ്സുകളെ സംരക്ഷിക്കാനുള്ള ഒരു മുന്നറിയിപ്പാണ് ഈ കവിത ...

    മറുപടിഇല്ലാതാക്കൂ